ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

11 November 2012

അതേ കടല്‍!!


അതേ തീരം,
വീണ്ടും അതേ തിര,
വീണ്ടും അതേ വിധം
ഒരു  സമുദ്ര സന്ധ്യയില്‍ !

അതേ മട്ടില്‍ 
ഒരു മുഷിഞ്ഞ പെണ്‍കുട്ടി 
അരികെ , ഓര്‍മ്മതന്‍ കടല വില്‍ക്കുന്നു !

അകമലിയാത്ത ശിലകളില്‍ തല്ലി
തിരപ്പെരുക്കങ്ങള്‍ വരുന്നു പോകുന്നു!

അതേ സിമന്റു ബെഞ്ച്‌ ,
അതേ കടല്‍പ്പരപ്പ-
തേവിധം ദൂരക്കടലില്‍ നൌകകള്‍ !

സ്മൃതിയാല്‍ 
സ്വപ്നത്താല്‍ 
പ്രണയത്താല്‍ നമ്മ-
ളെഴുതിയ ഗ്രന്ഥാവലികളൊക്കെയും 
ദ്രവിക്കും കാലത്തിന്‍ കടല്‍ കാറ്റിലെന്നു
പിരിയുമ്പോള്‍ അന്നു കരുതിയെങ്കിലും 
അറിയാനാവാത്ത മനോവ്യഥ പോലെ  -
അലകടല്‍ മുന്നില്‍ തിളച്ചു തൂവുമ്പോള്‍
നഖമുള്ളോരോര്‍മ്മപ്പറവയായ്  വന്നാ
പ്രണയമെന്തിനെന്‍ കരളില്‍ മാന്തുന്നൂ!

വിരഹരാഗത്തില്‍ വയലിന്‍ വായിച്ചു 
കടലിലേക്കാരോ നടന്നു പോകുന്നു.

അതേ സന്ധ്യ 
വീണ്ടുമതേ കടല്‍ 
ഇന്നും അലയൊടുങ്ങാതെ!
അലയൊടുങ്ങാതെ!!
1996